പെരുമ്പായിക്കാട്ടുശ്ശേരിയിൽ നിന്നും ഇലംപനക്കാട്ടുവന്നു താന്നിയിൽ ഇല്ലത്തു കുടുംബനാഥനായി ദേവി ഭക്തനായ ഒരു ബ്രാഹ്മണ ശ്രേഷ്‍ഠൻ ഉണ്ടായിരുന്നു .മാസം തോറും ഒരുദിവസമെങ്കിലും കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പോയി ദർശനം നടത്തുക എന്ന വ്രതക്കാരനായിരുന്നു അദ്ദേഹം. വാർദ്ധക്യവും ശരീര ക്ഷീണവും കൊണ്ട് ഒരിക്കൽ തിരുനടയിൽ വെച്ച് അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചു. ഇനി ഇവിടെ വന്നു അമ്മയെ കണ്ടു ദർശനം നടത്തുവാൻസാധിക്കുമെന്ന് തോന്നുന്നില്ല. ശരീരം അത്രയ്ക്ക് അവശതയിലായി. അമ്മ അതിനൊരു മാർഗ്ഗം കാട്ടിത്തരണം . അന്നുരാത്രി ബ്രാഹ്മണശ്രേഷ്‌ഠൻ ഒരു സ്വപ്നം കണ്ടു. നീ ഉണരുമ്പോൾ നിന്റെ തലയ്ക്കൽ ഒരു കുട കാണും . അതുകൊണ്ടു നാട്ടിലേക്ക് പൊയ്‌ക്കൊള്ളുക.അതോടൊപ്പം ഞാനുമുണ്ടാകും. പിന്നെ നീ ബുദ്ധിമുട്ടി ഇങ്ങോയ്യു വരേണ്ടതില്ല. നേരം വെളുത്ത് ബ്രാഹ്മണ ശ്രേഷ്‌ഠൻ ഉണർന്നു നോക്കുമ്പോൾ തലയ്ക്കൽ ഒരു കുട കണ്ടു. ദേവി ദർശനത്തിനു ശേഷം കുടയുമെടുത്ത് അദ്ദേഹം നാട്ടിലേക്ക് മടങ്ങി.കുട താഴെവയ്ക്കാതെ തന്നെ അദ്ദേഹം നടന്നുകൊണ്ടിരുന്നു. നടന്നു നടന്നു ക്ഷീണവും തളർച്ചയും കൂടി വന്നു. വിശ്രമത്തിനു വേണ്ടി കുട താഴെ വച്ചു.ഇലമ്പനകാടിനു സമീപത്തുണ്ടായിരുന്ന സ്രായിൽ പുരയിടത്തിലാണ് കുട വച്ചത്. വിശ്രമത്തിന് ശേഷം കുട വീണ്ടും എടുക്കാൻ ശ്രമിച്ചിട്ടു സാധിച്ചില്ല. അക്കാലത്ത് ഈ പ്രദേശം വെമ്പാല നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു.ഒരു ഇളമുറത്തമ്പുരാൻ ഭരണം നടത്തികൊണ്ട് ഇവിടെ താമസിച്ചിരുന്നു.ബ്രാഹ്മണൻ അദ്ദേഹത്തെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹം ജ്യോത്സനെ വരുത്തി പ്രശ്നം വയ്പ്പിച്ചു.കൊടുങ്ങല്ലൂരമ്മയുടെ സാന്നിധ്യം ഉള്ളതായി കണ്ടെത്തി. ബ്രാഹ്മണൻ ഭഗവതിയെ കുടയിൽ നിന്നാവാഹിച്ച് ഇല്ലത്തെ തേവരപുരയിൽ ഇരുത്തി. അന്ന് രാത്രി അദ്ദേഹം ഒരു സ്വാപനം കണ്ടു.കുട താഴെവച്ചതിനു തെക്കുമാറിയുള്ള ചൂരക്കാട്ടിൽ ഒരു നാഗരാജൻ ഇരിപ്പുണ്ടെന്നും അവിടം തെളിച്ചു ക്ഷേത്രം പണിയണമെന്നുമായിരുന്നു ദേവിയുടെ കല്പന.ഈ വിവരം തമ്പുരാനെയും സമീപ കരപ്രമാണിമാരെയും അറിയിച്ചു.കാരപ്രമാണിമാർ ചേർന്ന് ചൂരക്കാട് വെട്ടിത്തെളിച്ചു.നാഗരാജൻ ഇരിക്കുന്ന സ്ഥലം മനസിലാക്കി.ദേവി സാന്നിധ്യം മനസിലാക്കിയ നാഗരാജൻ സ്ഥാനം ഒഴിഞ്ഞു. ഭഗവതിയുടെ അനുഗ്രഹത്തോടെ കന്നിക്കൊണിലേക്കു മാറി.ഇരുപത്തെട്ടര കരക്കൽ ക്ഷേത്രം പണിതു. ദേവി ഈ പുണ്യസങ്കേതത്തിൽ വന്നിരിക്കുന്നതിനു വേമ്പനാട്ടുമന്നൻ പതിനൊന്നു ഗരുഡൻ വഴിപാടു നേർന്നു. ദേവീ പ്രതിഷ്‌ഠ നടത്തി അമ്പത്തൊന്നു ദിവസം നീണ്ടു നിൽക്കുന്ന കളമെഴുത്തും പാട്ടുംവേണമെന്നും നാഗരാജന്റെ രൂപം കാലം വരക്കണമെന്നും ദേവിയുടെ അരുളപ്പാടുണ്ടായി .

വേണാട്ടധിപനായ മാർത്താണ്ഡവർമ്മ മഹാരാജാവിനെ തിരുവിതാംകൂർ സംസ്‌ഥാനം രൂപീകരിച്ച കാലത്ത് അദ്ദേഹത്തെ ഉപദ്രവിച്ച എട്ടുവീട്ടിൽ പിള്ളമാരിൽനിന്നും തമ്പിമാരിൽ നിന്നും രക്ഷിക്കുന്നതിന് വളരെ കൂടുതൽ സഹായിച്ച ഒരു യക്ഷിയായിരുന്നു പഞ്ചവങ്കാട്ടിൽ നീലി. എന്നാൽ മാർത്താണ്ഡവർമ്മ മഹാരാജാവിനെ തിരുവിതാംകൂർ രാജ്യം സ്‌ഥാപിച്ചു കഴിഞ്ഞു രാജാവിനെ സഹായിച്ച പഞ്ചവൻ കട്ടിൽ നീലിയെ വേണ്ട വിധത്തിൽ കുടിയിരുത്തുവാൻ സാധിക്കാതെ വന്നപ്പോൾ മഹാരാജാവ് ദൈവജ്ഞന്റെ നിർദ്ദേശപ്രകാരം അന്ന് മണർകാട് ദേവീക്ഷേത്രത്തിലെ ഒരു പ്രഗത്ഭനായ വെളിച്ചപ്പാടിനെകൊണ്ട് നീലി എന്ന യക്ഷിയെ പത്മനാഭപുരത്തുനിന്നും ആനയിപ്പിച്ച് ദേവിയുടെആജ്ഞാനുവർത്തിയാക്കി കുളക്കരയുടെ പടിഞ്ഞാറായി പൂർവ്വയക്ഷി സാന്നിദ്ധ്യത്തിന് തെക്കു ഭാഗത്തതായി ചെറിയ ആലയം പണിത് നീലിയെ കുടിയിരുത്തി. നീലിക്ക് വേണ്ട വഴിപാടുകൾക്കു പടിത്തരം ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് മഹാരാജാവ് മണർകാട് ദേവിക്ക് വേണ്ടി കരം ഒഴിവായി ധാരാളം വസ്തുവകകളും ധനസമ്പത്തും എല്ലാവർഷവും ദേവിയുടെ ഊരുവലത്ത് എഴുന്നള്ളിപ്പ് മുടക്കം കൂടാതെ നടത്തുന്നതിന് പ്രത്യേകം ഊരുവലത്ത് വഴിയും ഉണ്ടാക്കി നൽകുകയും ചെയ്തു. നീലി എന്ന യക്ഷിക്ക് കന്നിമാസത്തിലെ അവസാന ചൊവ്വാഴ്ചയോ, വെള്ളിയാഴ്ച്ചയോ പോളപദം ഗുരുതിയും പറക്കുളം ഗുരുതിയുംനടത്തി വരുന്നു. മണര്കാട്ടമ്മ സാക്ഷാൽ ഭദ്രകാളിയാണ്. കൊടുങ്ങല്ലൂരമ്മയാണ്.
ഭഗവതിയെ കൊടുങ്ങല്ലൂരിൽ നിന്നും കൊണ്ടുവന്ന മഹാബ്രാഹ്മണ ശ്രേഷ്‌ഠന്റെ സ്മരണക്കായി എല്ലാ വർഷവും മിഥുനമാസം തൃക്കേട്ട നാളിൽ ബ്രാഹ്മണ പൂജ കാൽകഴുകിച്ചൂട്ട്, വിഷ്ണുപൂജ എന്നിവ ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നുവരുന്നു.
അക്കാലത്ത് ഇലമ്പിഎന്ന യക്ഷിയുടെ ആവാസസ്ഥാനമായിരുന്നു ഈ പ്രദേശം. ദേവീ സാന്നിദ്ധ്യം യക്ഷിയെ കോപാകുലയാക്കി. ദേവിക്ക് ബുദ്ധിമുട്ടാകും വിധം അട്ടഹസിച്ചും,മണികിലുക്കിയും ശല്യം ചെയ്തു വന്നു.ദേവി ഉഗ്രരൂപം പൂണ്ട് യക്ഷികളെ നിഗ്രഹിക്കുവാൻ തയ്യാറായി. ഇലമ്പിയെയും പരിവാരയക്ഷികളെയും പിന്തുടർന്ന് ദേവി നിഗഹിച്ചു. ഇലമ്പിയുടെ കൈയിലുണ്ടായിരുന്ന മണി തെക്കുഭാഗത്തേക്ക് ദേവി എറിഞ്ഞു. മണിയെറിഞ്ഞതിനാൽ ഇലമ്പിക്കാട് മണിയേർക്കാട് എന്നപേരിൽ അറിയപ്പെടാൻ തുടങ്ങി. അത് പിൽക്കാലത്ത് ലോപിച്ച് മണർകാട് ആയി മാറി.

ഇടത്തിൽ തമ്പുരാൻ മുഖേന വേമ്പനാട്ടു മന്നൻ ക്ഷേത്ര ചെലവിന് ധാരാളം ഭൂസ്വത്തുക്കൾ ദാനമായി നൽകി. പൂജാദികർമ്മങ്ങൾ നടത്തുന്നതിന് മാങ്ങാനത്ത് ഇളയത്തിനെ വെണ്ണശ്ശേരി നിയമിച്ചു. വെണ്ണശ്ശേരി ഇളയത്തിന്റെ പിന്തുർച്ചക്കാരാണ് ഇപ്പോഴും ക്ഷേതത്തിൽ പൂജാദികർമ്മങ്ങൾ ചെയ്തു വാങ്ങുന്നത്. തന്നിൽ ഇല്ലം അന്യം നിന്നപ്പോൾ വെണ്ണശ്ശേരി ഇളയത്തിനെ തന്നിൽ ഇല്ലത്തു താമസിക്കുവാൻ കരാർ അനുവാദം നൽകി. ദേവിയുടെ പ്രതിഷ്‌ഠ കണ്ണാടി ബിംബമാണ് . അങ്കിയും അതിനു ചുറ്റും പ്രഭയുമുണ്ട്.സാധാരണ ദിവസങ്ങളിൽ പഞ്ചലോഹം കൊണ്ടുള്ളതും വിശേഷ ദിവസങ്ങളിൽ സ്വർണം കൊണ്ടുള്ളതുമായ അങ്കി ചാർത്തുന്നു. ശ്രീകോവിലിനുള്ളിൽ വടക്കുഭാഗത്തതായി ഒരു വാൾ സ്ഥാപിച്ചിട്ടുണ്ട്. അത് വസൂരിമാലയാണെന്നാണ് സങ്കല്പം. വടക്കു വശത്തെ വാതിൽ തുറക്കാറില്ല. ക്ഷേത്രത്തിനു തെക്കു ഭാഗത്ത് നാഗരാജാവ്, നാഗയക്ഷി പ്രതിഷ്‌ഠകളുമുണ്ട്. ഒന്ന് തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ക്ഷേത്രകുളത്തിനു വടക്കുഭാഗത്തതായി വെളിച്ചപ്പാടിന്റെ ആലയമുണ്ട്. ക്ഷേത്രത്തിനു തെക്കു ഭാഗത്ത് ദേവീക്ഷേത്രത്തിനു തുല്യം പ്രാധാന്യമുള്ളത് ശ്രീ ധർമ്മശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശ്രീ ഗണപതി, ശ്രീ സുബ്രഹ്മണ്യ ഉപദേവ ക്ഷേതങ്ങളുമുണ്ട്. ശ്രീ ധർമ്മശാസ്താവ്, ശ്രീ ഗണപതി ക്ഷേത്രങ്ങളിലാണ് ആദ്യം ദർശനം നടത്തേണ്ടത്. ശ്രീ ഗണപതി ക്ഷേത്രത്തിനു തെക്കു ഭാഗത്തതായി പഞ്ചമൂർത്തിത്തറയും സപ്ത മാതൃ സ്ഥാനവും അതിനു തെക്കുകിഴക്ക് ഭാഗത്തതായി സര്പ്പസ്ഥാനവും ഉണ്ട്. ഇല്ലത്തെ തേവര പുരയിൽ ഭഗവതിയുടെ മൂലസ്ഥാനമായി വാളും പീഠവും ഉള്ളതിന് എല്ലാ മലയാള മാസം ഒന്നാം തീയതിയും, ചൊവ്വ, വെള്ളി, ദിവസങ്ങളിലും പൂജയും നൈവേദ്യവും അർപ്പിക്കുന്നു. ക്ഷരത്രത്ത്തിൽ വൃശ്ചികം ഒന്നുമുതൽ അന്പത്തതൊന്നു ദിവസം നീണ്ടു നിൽക്കുന്ന കളമെഴുത്തും പാട്ടും നടന്നു വരുന്നു. ദേശവഴിയിൽ പെട്ട കരക്കാരുടെയും എൻ. എസ്.എസ് കരയോഗങ്ങളുടെയും പ്രാചീന കുടുംബങ്ങളുടെയും വകയാണ് കളമെഴുത്തും പാട്ടും നടക്കുന്നത്. അമയന്നൂർ ദാമോദര കുറുപ്പ്, മണർകാട് രാഘവപ്പണിക്കർ എന്നിവരാണ് കളമെഴുത്തും പാട്ടിനും നേതൃത്വം വഹിക്കുന്നത്. കളമെഴുത്തും പാട്ടിനും സമാപനമായി ഊരുവാലത്തെഴുന്നള്ളത്തും ദേശഗുരുതികളും പറയ്‌ക്കെഴുന്നള്ളത്തും നടക്കുന്നു.
കുംഭ ഭരണി, മീന ഭരണി,പത്തമുദായം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷങ്ങൾ. കുംഭ ഭരണി ദിവസം രാത്രി സ്രായിൽ പുരയിടത്തിൽ നിന്നുള്ള വേലകയറ്റം നടക്കും. ദേവി കുടപുറത്തെത്തി ആദ്യം ഇരുന്ന സ്ഥലമാണ് സ്രായിൽ പുരയിടം. ദേവിയുടെ പിറന്നാൾ ദിനമായ മീന ഭരണി ദിവസം വിശേഷാൽ പൂജകളും കലംകരിക്കലും ഭരണിസദ്യയും നടക്കുന്നു. ഭരണിസദ്യ പ്രാചീനകാലം മുതൽ നടന്നുവരുന്നു. രാത്രി പെരുമ്പായിക്കാട്ടുശ്ശേരി ദേശവാഴിയുടെ അവകാശ ചടങ്ങായ തൂക്കം വഴിപാടും തുടർന്ന് തൂക്കം ,ഗരുഡൻ തൂക്കം വഴിപാടും നടക്കുന്നു.
രാത്രി പെരുമ്പായിക്കാട്ടുശ്ശേരി ദേശവാഴിയുടെ അവകാശ ചടങ്ങായ തൂക്കം വഴിപാടും തുടർന്ന് ദേശവഴിയിൽപ്പെടുന്ന വിവിധ കരകളിൽ നിന്നും വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും വകയായി തൂക്കം, ഗരുഡൻ തൂക്കം വഴിപാടുകളും ഉണ്ടായിരിക്കും.പത്താമുദയത്തോടനുബന്ധിച്ച് മണർകാട് ഭഗവതി ദേവസ്വം ഭരണസമിതിയുടെയും മണർകാട് ദേവീ സംരക്ഷണസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ വിഷു മുതൽ 9 ദിവസം നീണ്ടുനിൽക്കുന്ന ഹിന്ദുമത കൺവെൻഷനും നടന്നുവരുന്നു. ചരിത്ര പ്രസിദ്ധമായ മണർകാട് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പത്താമുദായ മഹോത്സവം മേടം പത്തിന് നടന്നു വരുന്നു. അന്നേദിവസം വെളുപ്പിന് ഒന്നു മുതൽ എണ്ണക്കുടം, പൊടിക്കുടം എന്നിവയുടെ അഭിഷേകം നടക്കും. ഉച്ചക്കുശേഷം ദേശവഴിയിൽപെട്ട ഇരുപത്തിയെട്ടര കരകളിൽ നിന്നും ആയിരകണക്കിന്കുംഭകുടങ്ങൾ വിവിധ വാദ്യമേളങ്ങളുടെയും വർണാഭമായ ചെണ്ടുകളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തുന്നു.
മംഗല്യ സിദ്ധിക്കും ദീർഘസുമംഗലികളായിരിക്കുവാനും കുടുംബൈശ്വര്യത്തിനും വേണ്ടി സ്ത്രീകൾ കലം കരിക്കൽ വഴിപാടുനടത്തുന്നു. ക്ഷേത്രത്തിന്റെ ദേശ വാഴികളിൽപ്പെടുന്ന കലകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഭരണ സമിതിയാണ് ക്ഷേത്രഭരണം നടത്തുന്നത്.
ക്ഷേത്ര ചൈതന്യ വർദ്ധനവിനുതകുന്ന വിധത്തിലുള്ള വൈദിക കർമ്മങ്ങളും ക്ഷേത്ര വികസനത്തെ മുൻ നിർത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടന്നു വരുന്നു. ആതുരർക്കും ആലംബ ഹീനർക്കും വേണ്ടി വിവിധ തരത്തിലുള്ള സഹായ പദ്ധതികൾ ഭരണ സമിതിയുടെ ചുമതലയിൽ നടത്തി വരുന്നു. ക്ഷേത്രത്തിന്റെ സർവ്വതോൻമുഖമായ വികസനത്തിന് എല്ലാ ഭക്തജനങ്ങളുടെയും ആത്മാർത്ഥമായ സഹകരണം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
ഭദ്രകാളി ദാരികാനുമായി നടന്ന യുദ്ധസമയത്ത് ഗരുഡൻ ആകാശത്ത് വട്ടമിട്ടു പറന്ന് എല്ലാം നോക്കി കാണുന്നുണ്ടായിരുന്നു. ദാരികവധം കഴിഞ്ഞിട്ടും കളിയുടെ കത്തിജ്വലിക്കുന്ന കലി ( കോപം ) അടങ്ങിയില്ല. അപ്പോൾ ഗരുഡനെ വെട്ടുവാനായി കാളി പാഞ്ഞു ചെന്നു. ഗരുഡനാകട്ടെ തന്നെ കൊല്ലരുതെന്ന് ആയിരം തവണ പറഞ്ഞു ക്ഷമ യാചിച്ചു. എന്നാൽ ദേവി ഗരുദ്ധന്റെ മൂന്നു തുള്ളി രക്തം കുടിച്ച ശേഷമേ അടങ്ങിയുള്ളു . ഇതിന്റെ അടിസ്ഥാനത്തിലാണ് ഗരുഡൻ നടത്തുന്നത്. ദേവീ പ്രീതിക്കായി ഭക്തന്മാർ ഉദ്ധിഷ്ഠ കാര്യം സാധിക്കുന്നതിനാണ് ഈ വഴിപാടുകൾ നടത്തുന്നത്. സർവാംഗ സുന്ദരിയും സ്വർണ്ണ വാർന്നങ്കിയും സർവ്വാഭരണ ശോഭിതയും മന്ദസ്മിതാനനയും കാരുണ്യ പൂർണേഷ്‌ണയും സർവ്വമംഗള സ്വരൂപിണിയുമായ മണക്കാട്ടമ്മ ശത്രുസംഹാരമൂർത്തിയായും വിദ്യാവലസ്വരൂപിണിയായും ശക്തിസ്വരൂപിണിയായും മംഗല്യഭാഗ്യദായിനിയായും ആരോഗ്യ ദായിനിയും സന്താനമോക്ഷവരദായിനിയും ഉദ്യോഗവരപ്രദായിനിയായും അനന്ത ശക്തി പ്രഭാവത്തോടുകൂടി വിവിധ ഭാവങ്ങളിൽ ഇവിടെ കുടികൊള്ളുന്നു. ബിംബ പ്രസാദങ്ങൾക്കല്ല ,അപരിമേയമായ ചൈതന്യത്തിനാണ് പ്രാധാന്യമെന്നതാണ് ഈ ക്ഷേത്രത്തിലെ സവിശേഷത.
എല്ലാ ജാതിമതസ്ഥരും ഇവിടെ പ്രാർത്ഥന നടത്താമെന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത . സർവ്വേശ്വരിയായ ദേവിയുടെ അനുഗ്രഹം ജാതിമതങ്ങൾക്കതീതമായി എല്ലാ ഭക്തരിലും ചൊറിയപ്പെടുന്നു. എല്ലാ വിധ ആഭിചാര ക്ഷുദ്രമാരണ ശത്രു ദോഷങ്ങളിൽനിന്നും ആധിവ്യാധികളിൽ നിന്നും 'അമ്മ ഭക്തരെ രക്ഷിക്കുകയും അവർക്കു ഐശ്വര്യവും ശാന്തിയും സമാധാനവും സമ്പൽ സമൃദ്ധിയും പ്രദാനം ചെയ്യുകയും ചെയ്യട്ടെ.
പൂർവ്വാചാര പ്രകാരം എല്ലാ വർഷവും ധനു ഒന്നിന് മണർകാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും കെട്ടുമുറുക്കി എരുമേലിയിലെത്തി പെട്ട കെട്ടി അഴുത, കരിമല, വലിയനവട്ടം, ചെറിയാനാവട്ടം, വഴി പരമ്പരാഗത കാനന പാതയിലൂടെ പമ്പയിലെത്തി പമ്പ സദ്യ നടത്തി ധനു മൂന്നിന് സന്നിധാനത്തെത്തുന്നു. ഉച്ച പൂജ സമയത്ത് ദർശനം നടത്തുന്ന മണർകാട് സംഘം ഭഗവാൻ അയ്യപ്പന് മണർകാട് ക്ഷേത്രത്തിന്റെ ഇരുപത്തെട്ടരക്കര ദേശവഴിയിൽ നിന്നും സംഭരിച്ച നീലപ്പാട്ടിൽ പൊതിഞ്ഞ പണക്കിഴി സമർപ്പിക്കുന്നു. തുടർന്ന് തന്ത്രിയിൽ നിന്നും തീർത്ഥവും പ്രസാദവും സ്വീകരിക്കുന്നു. ഈ പരമ്പരാഗത ചടങ്ങ് ഇന്നും നടന്നുവരുന്നു.